Tuesday, 26 November 2013

കുറിമാനം


പാത്തും പതുങ്ങിയും,
പറഞ്ഞും  പറയാതെയും,
ഞാന്‍ കുറിച്ചു വെച്ച എന്റെ വരികളൊക്കെയും-
ഒരു കൊളാഷിന്റെ രൂപത്തില്‍-
തറയില്‍ ചിതറി വീണു....... 

ധൃതിയില്‍,
ഞാനതൊക്കെയും
പെറുക്കിയെടുക്കാന്‍ തുടങ്ങവെ,
അവയെല്ലാം തറയിലുറച്ചു പോയി......

ശേഷം എന്റെ ഉച്ചമയക്കം-
ഞാനാ തറയിലാക്കി.

പക്ഷേ.....
ആ കുറിമാനങ്ങളൊക്കെയും
എന്റെ നെഞ്ചിലും,ശരീരത്തിലും-
പടര്‍ന്നുവെങ്കിലും....
മനസ്സു ശൂന്യമായിത്തന്നെ-
ഇരുന്നു................


Sunday, 10 November 2013

ദീപം

തുളസിത്തറയില്‍ കത്തിച്ചുവെച്ച-
സന്ധ്യാദീപം,
കാറ്റില്‍ നൃത്തംവെച്ചു കൊണ്ടേയിരുന്നു..

ഇടക്കു പതുക്കെ,
ഇടക്കു ചടുലമായി...

കാറ്റൊന്നു ശക്തമാവുമ്പോള്‍;
ഒന്നു കുനിഞ്ഞ്,
പിന്നെയൊന്നു നിവര്‍ന്ന്,
ഇടക്കു വശങ്ങളിലേക്ക്,
ഇടക്കു മുന്നോട്ട്,
ഇടക്കു പിന്നോട്ട്,
ചാഞ്ഞും ചെരിഞ്ഞും
നൃത്തം തുടര്‍ന്നുകൊണ്ടേയിരുന്നു......

ആട്ടത്തിനൊടുക്കം
തിരിയില്‍നിന്നടര്‍ന്ന ദീപം
പതുക്കെ വായുവിലേക്കുയര്‍ന്നു.....

ഇരുട്ടിനെ വകഞ്ഞുമാറ്റി,
കാറ്റിനെ വകവെക്കാതെ,
ആകാശസീമകളിലെക്ക്,
ദൂരെ നക്ഷത്രക്കൂട്ടങ്ങളിലേക്ക്,
അതുയര്‍ന്നു പറന്നു പോയി...

നക്ഷത്രങ്ങള്‍ക്കരികെനിന്നു....
വീണ്ടും
ആ ദീപം നൃത്തംചെയ്യാന്‍
തുടങ്ങവെ.....
പുറത്തു കാറ്റു വീശിയടിക്കാന്‍
തുടങ്ങി...............



Saturday, 2 November 2013

അടുത്തൂണ്‍

അടുത്തൂണ്‍ പറ്റി പിരിയുവാനുള്ള ദിവസം
അടുക്കാറായെന്നു-
മനസ്സിനെ പറഞ്ഞു പരിശീലിപ്പിക്കെ,
വന്നെത്തിയിന്നാ ദിനം.

കഴിഞ്ഞു പോയോരോ ദിനവും
ഇന്നലെ എന്നപോല്‍ -
മിന്നി മായുന്നൂ നെഞ്ചില്‍......

അച്ഛന്റെ വിരലില്‍ തൂങ്ങിയാദ്യമായ്
സ്കൂളില്‍ ചേരാന്‍ പോയതും
എന്നെ തനിച്ചാക്കി പോകാനൊരുങ്ങവെ-
അച്ഛനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞതും,
ആശ്വാസവാക്കുമായി,വന്നെന്റെ ഗുരുനാഥന്‍
അരികെ നിന്നതും..

ഇന്നലെയെന്നപോല്‍ -
ഓര്‍ക്കുന്നു  ഞാനിപ്പൊഴും....
ശേഷം എത്രയോ ദിനങ്ങള്‍....

വളര്‍ന്നു വലുതായി,
ജോലിയായ് കൂലിയായ്,
കൂടായ് കുടുംബമായ്,
കൂട്ടില്‍ കിളികളായ്...

കൂട്ടില്‍ കലപില കൂട്ടി,
വളര്‍ന്നു വലുതായ്,
അവരും കൂടുവിട്ടു -
ഇണകളോടൊപ്പം
അകലേക്കു പറന്നു പോയി...

ഇന്നലെ യെന്നപോല്‍ മിന്നിമായുന്നു..
മനസ്സില്‍. അരുതാത്ത ഓര്‍മകള്‍
ഓരോന്നായി,

യോഗം തുടങ്ങാറായി,യാത്രയാക്കുവാനെന്നെ-
യവര്‍ക്കു തിടുക്കമായി...

നല്ലതു മാത്രം പറഞ്ഞവര്‍,
എന്നെ യോഗ്യനാക്കി.
ഒരു ചെറുചിരി മറുപടിയാക്കി ഞാനും...

ഒടുവില്‍ സ്നേഹാദരങ്ങള്‍ക്കും,
ഉപഹാരങ്ങള്‍ക്കും,
മറുപടിയായ്,
വിറയാര്‍ന്ന ചുണ്ടില്‍നിന്നൂര്‍ന്നു വീണു
ഇത്തിരി മാത്രം...
പറയാതെ പറഞ്ഞു ഞാനെല്ലാം-
കണ്ണു നിറഞ്ഞു പോയ്.......

അന്നു സ്കൂളിലേക്കു അച്ഛന്‍ മാത്രമായ്‌
തുണയെങ്കില്‍.
ഇന്നിതാ ഒരു പാടു പേരുണ്ടു -
വീട്ടിലാക്കാന്‍...

ചെറിയ സല്‍ക്കാരത്തിനൊടുവില്‍
കൈ തന്ന് , നന്ദി പറഞ്ഞ്....
അവരൊക്കെയും  യാത്രയായീ.....

കൂട്ടിലെയിരുട്ടില്‍  രണ്ടു കിളികളുടെ
നെടു വീര്‍പ്പുമാത്രം ബാക്കിയായീ...

അകലെ  ആകാശത്തില്‍
കിളികള്‍ കൂട്ടമായ്,കൂടണയാന്‍,
പറന്നു പൊയ്ക്കൊണ്ടിരുന്നു...


ഞാന്‍ മുറ്റത്തേങ്ങിറങ്ങി...

"ഇനിയിപ്പോ എങ്ങോട്ടാ?..."
അകത്തുനിന്നുള്ള ചോദ്യം  അവഗണിച്ച്.....
പടി കടന്ന്,ഇടവഴി താണ്ടി,
പാടവരമ്പിലൂടെ ഞാന്‍ -
നടന്നു പോകെ,
പിന്നില്‍ നിന്നാരോ വിളിക്കുന്നു...
"അച്ഛന്‍"
പെട്ടെന്നായിരുന്നു അത്......
ഞാനോടി ചെന്നാ നെന്‍ചിലേക്കു
പടര്‍ന്നു കയറി................

അപ്പോഴേക്കും
രാപ്പക്ഷികളുടെ ചിറകടിയൊച്ച,
എന്റെ കാതില്‍  മുഴങ്ങാന്‍ തുടങ്ങിയിരുന്നു......
......

Saturday, 26 October 2013

വരകള്‍ 

കുറച്ച് ശ്രമിച്ചാല്‍ ആര്‍ക്കും നേര്‍ വരകള്‍ -
വരക്കാനാകുമെന്ന സുഹൃത്തിന്റെ വാക്കു കേട്ടാണു-
ഞാന്‍  വരക്കാന്‍ തുടങ്ങിയത്.

പക്ഷേ,
എല്ലാ വരകളും
വളഞ്ഞു പുളഞ്ഞു പോയി.........

വിരലുകൊണ്ട്,പെന്‍സിലുകൊണ്ട്,പേനകൊണ്ട്,
ഞാന്‍ വരച്ചുകൊണ്ടേയിരുന്നു..
പല വര്‍ണ്ണങ്ങളില്‍,കറുപ്പില്‍,വെളുപ്പില്‍-
മണ്ണില്‍,ഇലയില്‍,കടലാസില്‍,
ഞാന്‍ വരച്ചുകൊണ്ടേയിരുന്നു...

വിരലു മുറിഞ്ഞു ചോര വാര്‍ന്നു,
പെന്‍സില്‍ മുനയൊടിഞ്ഞു തീര്‍ന്നു പോയി...
പേനയിലെ മഷി തീര്‍ന്നു കാലിയായി....

വര്‍ണ്ണങ്ങെല്ലാം കറുപ്പും, കറുപ്പെല്ലാം വെളുപ്പും
വെളുപ്പെല്ലാം പുകയും ആയി മാറി...
മണ്ണും ഇലയും കടലാസും
താറുമാറായി.....

വരകള്‍ മാത്രം നേരെയായില്ല.....
സങ്കടപ്പെട്ട എന്നോടു അമ്മ പറഞ്ഞു..
"നിന്റെ തലവര".....

അതിനിടക്കു ആരോ പറയുന്ന കേട്ടു...
റെയില്‍ വേ പാളങ്ങളെല്ലാം
നേര്‍വരയിലാണു പൊകുന്നതെന്ന്...

ഞാന്‍ പാളങ്ങള്‍ ലക് ഷ്യമാക്കി ഓടാന്‍
തുടങ്ങി.................

അപ്പോഴെനിക്കു ബോധ്യമായി,
എന്റെ കാലടികള്‍  നേര്‍വരയിലൂടെയാണു
മുന്നോട്ട് നീങ്ങുന്നതെന്ന്....
ഞാന്‍ വേഗത്തില്‍ ഓടാന്‍ തുടങ്ങി.....

ആ സമയം

ദൂരെനിന്നു വന്നുകൊണ്ടിരുന്ന തീവണ്ടിയുടെ
ചൂളംവിളിയില്‍-
എന്റെ നെഞ്ചിടിപ്പിന്റെ താളം-
അലിഞ്ഞില്ലാതായി

Friday, 25 October 2013

ദൈവം

കൊച്ചുമോളുടെ "ആരാണു ദൈവം" ?
എന്ന ചോദ്യം കേട്ടാറെ-
ഓര്‍മ്മ വന്നത്-കുട്ടിക്കാലത്ത്-
അമ്മ  വിളക്കു തെളിക്കുമ്പോള്‍
അഞ്ജലി കൂപ്പി
"അമ്പാട്ടീ ...... ആവുണ്ടാവരുതേ...."
എന്ന പ്രാര്‍ത്ഥനക്കിടക്ക് -
താന്‍ തന്നോടുതന്നെ ചോദിച്ച;
അതേ ചോദ്യം.
ശേഷം-
എത്രയെത്ര.....ചോദ്യങ്ങള്‍ ...
ധാന്യം വിളയിക്കുന്നവന്റെ കുട്ടികള്‍ എന്തുകൊണ്ടു-
പട്ടിണി കിടക്കുന്നു?...
മണിമാളികകള്‍ പണിതുയര്‍ത്തുന്നവന്റെ കൂരകള്‍-
എന്തുകൊണ്ടു ചോര്‍ന്നൊലിക്കുന്നു?....
വസ്ത്രം നെയ്യുന്നവന്റെ ഉടുതുണിയെന്തേ-
കീറിപ്പറിഞ്ഞിരിക്കുന്നു?.....
ഉത്തരമുണ്ടായിരുന്നില്ല....ഒന്നിനും....ഒരിക്കലും ...
അച്ഛാ...വീണ്ടും അവള്‍  വിളിക്കുന്നു....

ചെമ്പരത്തിപ്പൂവിന്റെ  ചുവപ്പ്-
പനിനീരിന്റെ സുഗന്ധം-
ശാന്തമായൊഴുകുന്ന പുഴ-
ആകാശത്തിന്റെ നീലിമ-
കടലിന്റെ അനന്തത-
നമ്മെ തലോടിക്കടന്നുപോകുന്ന കുഞ്ഞിളംകാറ്റ്-

മനസ്സിനു കുളിരേകി,തകര്‍ത്തുപെയ്യുന്ന വേനല്‍മഴ-
നിലാപ്പുഞ്ചിരി തൂകുന്ന അമ്പിളിയമ്മാവന്‍ -
ആകാശച്ചുമരുകളെ കീറിമുറിച്ച് മിന്നിമായുന്ന-
മിന്നല്‍പ്പിണരുകള്‍ -
ക്രമത്തിലും,ചിലപ്പോള്‍ ക്രമരഹിതമായും
സദാ മിടിച്ചുകൊണ്ടിരിക്കുന്ന-എന്റെയും നിന്റെയും
ഹൃദയത്തിന്റെ താളം-
കൊച്ചുകുഞ്ഞിന്റെ നിര്‍മ്മലമായ
പുഞ്ചിരി....
എന്തിനധികം....
തുളസിയിലയില്‍നിന്നു ഇറ്റു വീഴാന്‍
വെമ്പിനില്‍ക്കുന്ന മഞ്ഞുതുള്ളിപോലും
ദൈവമല്ലാതെ..
മറ്റാരാണ്?.......

ഇത്രയും കേട്ടതും
അവള്‍ അമ്മേ...............
എന്നു നീട്ടിവിളിചുകൊണ്ട്-
അകത്തേക്കോടി...........

അന്നേരം
കാലവര്‍ഷത്തിന്റെ വരവറിയിച്ചുകൊണ്ടു-
കനത്ത മഴത്തുള്ളികള്‍
മുറ്റത്തു ചിതറി വീണു.................


Thursday, 24 October 2013

അച്ഛന്‍ 

കുട്ടിക്കാലത്ത് കരിയിലകള്‍ പെറുക്കിയടുക്കുക-
എന്റെ ശീലമായിരുന്നു.
വീണ്ടും ഞാന്‍ ആ പഴയ ശീലത്തിലേക്കു-
മടങ്ങിപ്പോകെ,
ഒരു പൊടിക്കാറ്റു വന്നതു അലങ്കോലമാക്കി...
പെട്ടെന്നു അതിലൊരില മാത്രം -
എന്റെ നേരെ പറന്നു വന്നു എന്റെ കവിളില്‍ -
തലോടി ദൂരെ ചെന്നു നിലം പതിച്ചു.
നീലഞരന്‍പുകള്‍ തുടിച്ചുനില്‍ക്കുന്ന -
ഒരു പച്ചയിലയായിരുന്നു അത് ....
പെട്ടെന്നു അതു കൈക്കലാക്കാന്‍ ഞാന്‍,
മുന്നോട്ടായവെ,
ആ ഇല എന്നെ വലം വെച്ചു വായുവിലുയര്‍ന്നു-
പറക്കാന്‍ തുടങ്ങി..
പലവുരു ഓടി അടുത്തപ്പോഴൊക്കെ....കൂടുതല്‍
ദൂരേക്കു.....അതകന്നുകൊണ്ടേയിരുന്നു...
ആ ഓട്ടത്തിടക്കെപ്പോഴൊ,ബോധത്തിനും അബോധത്തിനും
ഇടക്കുള്ള അതിര്‍വരമ്പുകള്‍-
നഷ്ടമായി, ഞാന്‍ തളര്‍ന്നു വീണു പോയി...
വീണ്ടുംകരിയിലകളുടെ കലപില ശബ്ദങ്ങളിലേക്കു-
ഞാനുണര്‍ന്നപ്പോള്‍ കണ്ടതു....ഞാന്‍ തേടിയ
ആ ഇല എന്റെ നെഞ്ചില്‍
പറ്റി കിടക്കുന്നു....
ഞാന്‍ തലോടാന്‍ തുടങ്ങുംമ്പോഴേക്കും
എന്റെ നെഞ്ചില്‍നിന്നും പൊടിഞ്ഞ രക്തം
അതിന്റെ നീലഞരമ്പുകളിലൂടെ പടര്‍ന്നു കയറാന്‍
തുടങ്ങിയിരുന്നു...........




Wednesday, 23 October 2013

കുടിയേറ്റം



പിച്ച വെച്ചു നടന്ന കളിമുറ്റം പിന്നിലാക്കി,
കുട്ടിക്കാലത്തു കുളിച്ചു തിമിര്‍ത്ത അമ്പലക്കുളം,
വലം വെച്ച്, ഓടി നടന്ന പാടവും,തോടും,നടവരമ്പും
പിന്നിട്ട്,
അകലെയുള്ള ഏതോ ലക്ഷ്യതിലേക്ക് ...
അയാള്‍  നടന്നു പോകെ....
ആരാണു തന്റെ പിന്നില്‍ ........
തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടതു-
ഒരഞ്ചു വയസ്സുകാരന്‍ ..വള്ളിനിക്കറുകാരന്‍ -
അയാള്‍ നടത്തം വേഗത്തിലാക്കി......