Friday, 25 October 2013

ദൈവം

കൊച്ചുമോളുടെ "ആരാണു ദൈവം" ?
എന്ന ചോദ്യം കേട്ടാറെ-
ഓര്‍മ്മ വന്നത്-കുട്ടിക്കാലത്ത്-
അമ്മ  വിളക്കു തെളിക്കുമ്പോള്‍
അഞ്ജലി കൂപ്പി
"അമ്പാട്ടീ ...... ആവുണ്ടാവരുതേ...."
എന്ന പ്രാര്‍ത്ഥനക്കിടക്ക് -
താന്‍ തന്നോടുതന്നെ ചോദിച്ച;
അതേ ചോദ്യം.
ശേഷം-
എത്രയെത്ര.....ചോദ്യങ്ങള്‍ ...
ധാന്യം വിളയിക്കുന്നവന്റെ കുട്ടികള്‍ എന്തുകൊണ്ടു-
പട്ടിണി കിടക്കുന്നു?...
മണിമാളികകള്‍ പണിതുയര്‍ത്തുന്നവന്റെ കൂരകള്‍-
എന്തുകൊണ്ടു ചോര്‍ന്നൊലിക്കുന്നു?....
വസ്ത്രം നെയ്യുന്നവന്റെ ഉടുതുണിയെന്തേ-
കീറിപ്പറിഞ്ഞിരിക്കുന്നു?.....
ഉത്തരമുണ്ടായിരുന്നില്ല....ഒന്നിനും....ഒരിക്കലും ...
അച്ഛാ...വീണ്ടും അവള്‍  വിളിക്കുന്നു....

ചെമ്പരത്തിപ്പൂവിന്റെ  ചുവപ്പ്-
പനിനീരിന്റെ സുഗന്ധം-
ശാന്തമായൊഴുകുന്ന പുഴ-
ആകാശത്തിന്റെ നീലിമ-
കടലിന്റെ അനന്തത-
നമ്മെ തലോടിക്കടന്നുപോകുന്ന കുഞ്ഞിളംകാറ്റ്-

മനസ്സിനു കുളിരേകി,തകര്‍ത്തുപെയ്യുന്ന വേനല്‍മഴ-
നിലാപ്പുഞ്ചിരി തൂകുന്ന അമ്പിളിയമ്മാവന്‍ -
ആകാശച്ചുമരുകളെ കീറിമുറിച്ച് മിന്നിമായുന്ന-
മിന്നല്‍പ്പിണരുകള്‍ -
ക്രമത്തിലും,ചിലപ്പോള്‍ ക്രമരഹിതമായും
സദാ മിടിച്ചുകൊണ്ടിരിക്കുന്ന-എന്റെയും നിന്റെയും
ഹൃദയത്തിന്റെ താളം-
കൊച്ചുകുഞ്ഞിന്റെ നിര്‍മ്മലമായ
പുഞ്ചിരി....
എന്തിനധികം....
തുളസിയിലയില്‍നിന്നു ഇറ്റു വീഴാന്‍
വെമ്പിനില്‍ക്കുന്ന മഞ്ഞുതുള്ളിപോലും
ദൈവമല്ലാതെ..
മറ്റാരാണ്?.......

ഇത്രയും കേട്ടതും
അവള്‍ അമ്മേ...............
എന്നു നീട്ടിവിളിചുകൊണ്ട്-
അകത്തേക്കോടി...........

അന്നേരം
കാലവര്‍ഷത്തിന്റെ വരവറിയിച്ചുകൊണ്ടു-
കനത്ത മഴത്തുള്ളികള്‍
മുറ്റത്തു ചിതറി വീണു.................


2 comments:

  1. മനോഹരമായിരിക്കുന്നു ഈ കവിത. ഇങ്ങനെ ഒരു കവിത എനിക്ക് എഴുതാൻ സാധിച്ചെങ്കിൽ !!

    ReplyDelete
  2. എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.......

    ReplyDelete