Saturday, 2 November 2013

അടുത്തൂണ്‍

അടുത്തൂണ്‍ പറ്റി പിരിയുവാനുള്ള ദിവസം
അടുക്കാറായെന്നു-
മനസ്സിനെ പറഞ്ഞു പരിശീലിപ്പിക്കെ,
വന്നെത്തിയിന്നാ ദിനം.

കഴിഞ്ഞു പോയോരോ ദിനവും
ഇന്നലെ എന്നപോല്‍ -
മിന്നി മായുന്നൂ നെഞ്ചില്‍......

അച്ഛന്റെ വിരലില്‍ തൂങ്ങിയാദ്യമായ്
സ്കൂളില്‍ ചേരാന്‍ പോയതും
എന്നെ തനിച്ചാക്കി പോകാനൊരുങ്ങവെ-
അച്ഛനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞതും,
ആശ്വാസവാക്കുമായി,വന്നെന്റെ ഗുരുനാഥന്‍
അരികെ നിന്നതും..

ഇന്നലെയെന്നപോല്‍ -
ഓര്‍ക്കുന്നു  ഞാനിപ്പൊഴും....
ശേഷം എത്രയോ ദിനങ്ങള്‍....

വളര്‍ന്നു വലുതായി,
ജോലിയായ് കൂലിയായ്,
കൂടായ് കുടുംബമായ്,
കൂട്ടില്‍ കിളികളായ്...

കൂട്ടില്‍ കലപില കൂട്ടി,
വളര്‍ന്നു വലുതായ്,
അവരും കൂടുവിട്ടു -
ഇണകളോടൊപ്പം
അകലേക്കു പറന്നു പോയി...

ഇന്നലെ യെന്നപോല്‍ മിന്നിമായുന്നു..
മനസ്സില്‍. അരുതാത്ത ഓര്‍മകള്‍
ഓരോന്നായി,

യോഗം തുടങ്ങാറായി,യാത്രയാക്കുവാനെന്നെ-
യവര്‍ക്കു തിടുക്കമായി...

നല്ലതു മാത്രം പറഞ്ഞവര്‍,
എന്നെ യോഗ്യനാക്കി.
ഒരു ചെറുചിരി മറുപടിയാക്കി ഞാനും...

ഒടുവില്‍ സ്നേഹാദരങ്ങള്‍ക്കും,
ഉപഹാരങ്ങള്‍ക്കും,
മറുപടിയായ്,
വിറയാര്‍ന്ന ചുണ്ടില്‍നിന്നൂര്‍ന്നു വീണു
ഇത്തിരി മാത്രം...
പറയാതെ പറഞ്ഞു ഞാനെല്ലാം-
കണ്ണു നിറഞ്ഞു പോയ്.......

അന്നു സ്കൂളിലേക്കു അച്ഛന്‍ മാത്രമായ്‌
തുണയെങ്കില്‍.
ഇന്നിതാ ഒരു പാടു പേരുണ്ടു -
വീട്ടിലാക്കാന്‍...

ചെറിയ സല്‍ക്കാരത്തിനൊടുവില്‍
കൈ തന്ന് , നന്ദി പറഞ്ഞ്....
അവരൊക്കെയും  യാത്രയായീ.....

കൂട്ടിലെയിരുട്ടില്‍  രണ്ടു കിളികളുടെ
നെടു വീര്‍പ്പുമാത്രം ബാക്കിയായീ...

അകലെ  ആകാശത്തില്‍
കിളികള്‍ കൂട്ടമായ്,കൂടണയാന്‍,
പറന്നു പൊയ്ക്കൊണ്ടിരുന്നു...


ഞാന്‍ മുറ്റത്തേങ്ങിറങ്ങി...

"ഇനിയിപ്പോ എങ്ങോട്ടാ?..."
അകത്തുനിന്നുള്ള ചോദ്യം  അവഗണിച്ച്.....
പടി കടന്ന്,ഇടവഴി താണ്ടി,
പാടവരമ്പിലൂടെ ഞാന്‍ -
നടന്നു പോകെ,
പിന്നില്‍ നിന്നാരോ വിളിക്കുന്നു...
"അച്ഛന്‍"
പെട്ടെന്നായിരുന്നു അത്......
ഞാനോടി ചെന്നാ നെന്‍ചിലേക്കു
പടര്‍ന്നു കയറി................

അപ്പോഴേക്കും
രാപ്പക്ഷികളുടെ ചിറകടിയൊച്ച,
എന്റെ കാതില്‍  മുഴങ്ങാന്‍ തുടങ്ങിയിരുന്നു......
......

2 comments:

  1. അന്നു സ്കൂളിലേക്കു അച്ഛന്‍ മാത്രമായ്‌
    തുണയെങ്കില്‍.
    ഇന്നിതാ ഒരു പാടു പേരുണ്ടു -
    വീട്ടിലാക്കാന്‍...
    ഒരു യാഥാർത്ഥ്യം മുൻ കൂട്ടി അനുഭവിക്കതെയറിഞ്ഞ കവിയുടെ രചനാസൌഷ്ഠവം അഭിനന്ദനീയം തന്നെ.


    ReplyDelete
  2. നിരഞ്ജൻ ആശംസകൾ നേരുന്നു .......
    പിരിഞ്ഞുപോകുന്നതിന്റെ ഓർമ്മകൾ .....സങ്കടപെടുതുന്നുണ്ട് .....
    thankachan m. thodupuzha

    beCreative +965 99 89 14 56

    ReplyDelete