Friday, 28 February 2014

വഴികള്‍

ഞാനെന്റെ എല്ലാ ജാലകങ്ങളും
തുറന്നു വെച്ചിരിക്കുന്നതു,
ഓരോ വഴികളിലേക്കാണ്............

വഴികള്‍ പലതാണ്,

നടവഴികള്‍,
ഇടവഴികള്‍,
നേര്‍വഴികള്‍,
പൊതുവഴികള്‍,
പെരുവഴികള്‍.............

വഴികള്‍ പലതാണ്......

വഴിയില്ലാതെ മേല്‍വിലാസംപോലുമില്ല.

ഓരൊ വഴികളിലൂടെയും,
ജനപഥങ്ങള്‍-
പലായനം ചെയ്തുകൊണ്ടേയിരിക്കുന്നു..

പക്ഷെ,
എന്റെ ജാലകങ്ങളെ,
ലക്ഷ്യമാക്കി ആരും
വന്നതേയില്ല...............

എന്നെ വീണ്ടും വീണ്ടും
കാത്തിരിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട്,
ജനപഥങ്ങള്‍
പലായനം
തുടര്‍ന്നുകൊണ്ടേയിരിക്കുന്നു......

സ്വപ്നം

പ്രണയം നടിച്ച് കുപ്പിയിലാക്കി
താലിച്ചരടുകൊണ്ടു ബന്ധിതയാക്കി
ആജ്ഞാശക്തികൊണ്ടടിമയാക്കി.......

നിന്റെ മക്കളെ പെറ്റുവളര്‍ത്താനും
നിനക്കു വെച്ചുവിളമ്പിത്തരാനും
നിന്നെ കാത്തിരിക്കാനും
നിന്നെ മാത്രം സ്വപ്നം കാണാനും
എന്നെ നിര്‍ബന്ധിതയാക്കി.........

ഇത്രയും കേട്ടതും
എന്നെ പിന്തുടര്‍ന്ന കാലടിശബ്ദം-
ഇരുട്ടില്‍ നേര്‍ത്ത് നേര്‍ത്ത്
ഇല്ലാതെയായി.............

നെല്ലിക്ക

കുപ്പായക്കീശയില്‍
ഒരു നെല്ലിക്കയുമായി
സ്കൂള്‍വരാന്തയിലൂടെ
ഒരുപാടുകാലം ഞാന്‍
അലഞ്ഞു തിരിഞ്ഞു നടന്നിരുന്നു...............
ആരും കൈ നീട്ടിയില്ല-
ഞാന്‍ ചോദിച്ചുമില്ല.

പക്ഷെ,
കാലത്തിന്റെ കരവിരുതിനാലാവണം
അതെന്റെ കുപ്പായക്കീശയില്‍തന്നെ
കിടന്നു മുളക്കുകയും
എന്റെ രക്തമൂറ്റിക്കൊണ്ടു
വളരാന്‍ തുടങ്ങുകയും
എന്റെ കാല്‍വണ്ണയിലൂടെ
അതിന്റെ വേരുകള്‍
ഭൂമിയിലേക്കാഴ്ന്നിറങ്ങി
എന്നെ ചലനരഹിതനാക്കുകയും
ചെയ്തിരിക്കുന്നു.....

ഇന്നതു പൂക്കളും കായ്കളുമുള്ള
വന്‍വൃക്ഷമായി
കഴിഞ്ഞിരിക്കുന്നു...

ഓരൊ ദിവസവും കുട്ടികള്‍
താഴെ വന്നു നെല്ലിക്ക പെറുക്കി
രുചിച്ചുപൊകുമ്പോള്‍
അറിയാതെയെങ്കിലും
എന്റെ കണ്ണുകള്‍ നിറയുകയും ഇളംകാറ്റു വന്നത്
തുടച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു......

Thursday, 6 February 2014

അമ്മ

ചന്നം പിന്നം മഴ ചാറുന്ന-
ഒരു ഇടവ മാസ പ്പുലരിയിലാണു....
അമ്മയുടെ ഉദരഭിത്തികളില്‍
നേര്‍ത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ടു-
ഞാനീ മണ്ണിലേക്കു വന്നത്.............

പിന്നീടൊക്കെയും
അമ്മയായിരുന്നു എനിക്കെല്ലാം

വെയിലില്‍ തണലായി,
മഴയില്‍ കുടയായി.....
ഒരു വടവൃക്ഷമായി-
എനിക്കു ചുറ്റും....
അമ്മ....

പരീക്ഷണകാലങ്ങളില്‍,
മണ്ണെണ്ണ വിളക്കിന്റെ ഇത്തിരിവെട്ടത്തില്‍...
എന്റെ സ്വപ്നങ്ങള്‍ക്കു മേല്‍,
കാവലിരുന്നതു ..
അമ്മ.....

ഹരിച്ചും ഗുണിച്ചും,
കൂട്ടിയും കുറച്ചും...
മാത്രം,
സൌഹൃദങ്ങള്‍ സ്ഥാപിക്കുന്ന-
വര്‍ത്തമാനകാലത്തില്‍....
ചതുഷ്ക്രിയകളൊക്കെയും,
അമ്മക്കു അന്യമായിരുന്നു.......

സ്നേഹം അളന്നു വാങ്ങാന്‍,
ഒരാള്‍കൂടി്‌
വന്നപ്പോള്‍,
ആദ്യം കലഹിച്ചതും
പിന്നെ കടാക്ഷിച്ചതും
അമ്മ....

സായാഹ്നങ്ങളെ
ലഹരിയുടെ കമ്പിളിപ്പുതപ്പുകൊണ്ടു-
മൂടിയപ്പോഴൊക്കെയും,
നിശ്ശബ്ദം ഉരുകി വിയര്‍ത്തത്
അമ്മ...

അമ്മയായിരുന്നു എനിക്കെല്ലാം..........




Saturday, 1 February 2014

ജാഥ

ജാഥകള്‍ക്കൊക്കെയും -
ഒരേ താളം
ഒരേ ഭാവം.

ചിലപ്പോള്‍ കൊടിയുടെ -
നിറം മാറുന്നു എന്നു മാത്രം.

എപ്പോഴൊക്കെയോ,
അതു രാജാവിനു അനുകൂലമായി..
അല്ലെങ്കില്‍,
പ്രതികൂലമായി....

ജാഥകള്‍
പൊയ്ക്കൊണ്ടേയിരുന്നു.......

ചിലപ്പോള്‍
ഒരു വരി..
അല്ലെങ്കില്‍ രണ്ടു വരി...
അതുമല്ലെങ്കില്‍ മൂന്നു വരിയായി....
ജാഥകള്‍-
പൊയ്ക്കൊണ്ടേയിരുന്നു..

അവസാനം
ബാക്കിയാവുന്നതോ..
ജാഥക്കാരെല്ലാവരും
പല പല വഴികളിലൂടെ
ഊര്‍ന്നിറങ്ങി ഇല്ലാതെയാവുന്നു..

അവരുടെ ആവശ്യങ്ങളും
മുദ്രാവാക്യങ്ങളും
അവരോടൊപ്പം
പല പല വഴികളിലായി..
അലിഞ്ഞില്ലാതെയാവുന്നു...

പ്രജകള്‍ വീണ്ടും
അടുത്ത ജാഥയ്ക്കായി....
കാത്തിരിക്കുന്നു...






Friday, 13 December 2013

താരാട്ട്

മഞ്ഞുകാലത്തിലെ ഒരു തണുത്ത -
പ്രഭാതത്തില്‍
എവിടെ നിന്നോ വന്ന,
ഒരു ഓലേഞ്ഞാലി-
മുറ്റത്തെ തൈത്തെങ്ങിന്നോലയില്‍,
ഊഞ്ഞാലാടിക്കൊണ്ടിരുന്നു.

ഇടക്കു ആരെയോ ശകാരിക്കുന്നപോലെ,
അതെന്തൊക്കെയോ ചിലച്ചുകൊണ്ടിരുന്നു..

ഞാനതിനെ കൌതുകത്തോടെ;
നോക്കി അതിനടുത്തേക്കു നടന്നടുക്കെ,
ഒരു ചെറുതൂവല്‍ ചിറകില്‍നിന്നടര്‍ത്തി-
താഴേക്കിട്ട്....
എന്നെ ശകാരിച്ചുകൊണ്ടത്-
ദൂരേക്കു പറന്നു പോയി...

ഞാനാ തൂവല്‍ വാത്സല്യത്തോടെ,
എടുത്ത് എന്റെ കൈവെള്ളയില്‍ വെച്ചു...
ഒരു കൈക്കുഞ്ഞിനെ പോലെ-
അതെന്റെ കൈയില്‍ കിടന്നു വിറച്ചു..

ഒരു വെള്ളക്കടലാസുകൊണ്ടു പൊതിഞ്ഞു..
ഞാനതിനെ എന്റെ മേശമേല്‍ വെച്ചു....


രാത്രി
ഉറങ്ങുന്നതിന്‍ മുന്‍പ്....
ഒരിക്കല്‍ കൂടി ഞാനതിനെ
എടുത്തു ഭദ്രമായ് മേശമേല്‍ തന്നെ വെച്ചു.

രാവേറെ ചെന്നതും ഒരു
പക്ഷിയുടെ ചിറകടിയൊച്ചയിലേക്കാണു
ഞനുണര്‍ന്നത്....

നേര്‍ത്ത നിലാവില്‍ ആ തൂവല്‍
മുറിക്കു ചുറ്റും വട്ടമിട്ടു പറക്കുകയായിരുന്നു...

ഞാനെഴുന്നേറ്റതും
അതെന്റെ നേരെ പറന്നു വന്ന്,
എന്റെ കവിളില്‍ തലോടി...
ജനലിനടുത്തേക്കു പറന്നുപോയി,
തിരികെ വന്നു വീണ്ടും എന്റെ കവിളില്‍ തലോടി....
വീണ്ടും ജനലിനടുത്തേക്ക്.....

പലവുരു ഇതാവര്‍ത്തിച്ചപ്പോള്‍
ഞാന്‍ ജനല്‍പ്പാളികള്‍
പതുക്കെ തുറന്നു....

അന്നേരം ആ തൂവല്‍ ഒരിക്കല്‍ക്കൂടി.
എന്റെ കവിളില്‍ തലോടി,
ജനലിനുള്ളിലൂടെ പുറത്തു കടന്നു;
നേര്‍ത്ത നിലാവില്‍ അലിഞ്ഞില്ലാതായി...

ആ സമയം ദൂരെനിന്നും ഒരു തള്ളക്കിളിയുടെ-
നേര്‍ത്ത താരാട്ട് എന്റെ കാതില്‍ വന്നു്‌
പതിച്ചുകൊണ്ടിരുന്നു................

Monday, 9 December 2013

പക്ഷം ചേരാതെ വയ്യ.....

പക്ഷം ചേരാതെ വയ്യ...
ഒന്നിലും.

കുട്ടിയായിരിക്കുമ്പോള്‍ അച്ഛന്റെയൊ,
അമ്മയുടേയൊ പക്ഷം.
പിന്നീടതു ഏട്ടന്റേയോ, അനിയത്തിയുടേയൊ-
പക്ഷം.

പള്ളിക്കൂടത്തിലതു ഗുരുനാഥന്റേയൊ,
സഹപാഠിയുടേയൊ പക്ഷമായി...

പക്ഷം ചേരാതെ വയ്യ ഒന്നിലും......

വീട്ടില്‍ ആദ്യം അമ്മയുടേയൊ,
ഭാര്യയുടേയൊ പക്ഷം..
പിന്നീടതു ഭാര്യയുടേയൊ,
മക്കളുടേയൊ പക്ഷമായി......


ആഫീസില്‍ മേലുദ്യോഗസ്ഥന്റേയൊ,
സഹപ്രവര്‍ത്തകന്റേയൊ പക്ഷം.
നടവഴികളിലതു വലതാണെങ്കില്‍,
വാഹനങ്ങളിലതിടതായി...

പക്ഷം ചേരാതെ വയ്യ ഒന്നിലും...

എഴുത്തില്‍ ഒന്നുകില്‍ ആണ്‍ അല്ലെങ്കില്‍,
പെണ്‍പക്ഷം.
രാഷ്ട്രീയത്തില്‍ ഇടതോ വലതോ-
പക്ഷം...
അമ്മയെ തല്ലിയാലും പക്ഷം
രണ്ടെന്നു പഴമൊഴി....

പക്ഷം ചേരാതെ വയ്യ ഒരിക്കലും....

എന്നാല്‍,
ഏകാകിക്കു പക്ഷം ചേരേണ്ടതില്ല-
എന്ന തിരിച്ചറിവില്‍ നിന്നായിരിക്കണം
ഞാന്‍ അന്ധനായത്.....
എന്റെ ചിരികളിലും ചിന്തകളിലും,
ഞാന്‍ മാത്രമായത്....

അതുകൊണ്ടാവാം-
മാനസികരോഗാശുപത്രിയിലെ
ഇരുണ്ട ഏകാന്തതയിലേക്കു-
അവരെന്നെ  തള്ളി വിട്ടത്.......

പക്ഷം ചേരാതെ വയ്യ......
ഒന്നിലും....ഒരിക്കലും....